അറിയപ്പെടാത്ത അയ്യപ്പന്‍
1889 ആഗസ്റ്റ് 21-ന് അയ്യപ്പന്‍ ജനിച്ചു. എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിലെ ചെറായിയാണ് ജന്മസ്ഥലം. വീട്ടുപേര് കുമ്പളത്തുപറമ്പില്‍ എന്നാണ്. അച്ഛന്‍ കൊച്ചാവു വൈദ്യന്‍ അമ്മ ഉണ്ണൂലി. അച്യുതന്‍, കണ്ണന്‍, കൃഷ്ണന്‍, ഇച്ചിരുണ്ണി, കാളു, കുഞ്ഞിക്കുട്ടി, എന്നിവരാണ് കൊച്ചാവു ഇണ്ണൂലിമാരുടെ മറ്റു മക്കള്‍. അയ്യപ്പന്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ കൊച്ചാവു വൈദ്യന്‍ മരിച്ചുപോയി. അമ്മയും ജ്യേഷ്ഠന്‍ അച്ച്യുതന്‍ വൈദ്യരുമാണ് അയ്യപ്പനെ വളര്‍ത്തിയത്.
സ്‌കൂള്‍ വിദ്യാഭ്യാസം ചെറായിയിലും പറവൂര്‍ ഹൈസ്‌കൂളി ലുമായി (അന്ന് രവി വര്‍മ ഇംഗ്ലീഷ് ഹൈസ്‌കൂള്‍) പൂര്‍ത്തിയാക്കി. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഇന്റര്‍ മീഡിയറ്റ് പാസ്സായി. ഡിഗ്രിക്കുപഠിക്കുവാന്‍ മദ്രാസിലേക്ക് പോയെങ്കിലും അസുഖം നിമിത്തം പഠനം പൂര്‍ത്തിയാക്കതെ തിരിച്ചുവന്നു. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ ചേര്‍ന്ന് സംസ്‌കൃതവും ചരിത്രവും ഐഛിക വിഷയമാ യെടുത്തുപഠിച്ച് ബി എ പാസ്സായി. ശ്രീനാരായണ ഗുരുവുമായി പരിചയത്തിലാകുന്നതും അയ്യപ്പനില്‍ വിപ്ലവചിന്ത ഉടലെടുക്കുന്നതും ഈ കാലഘട്ടത്തിലാണ്.
'മിശ്രഭോജന പ്രസ്ഥാനവും', 'സഹോദരസംഘവും' രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനത്തില്‍ മുഴുകി. 'മിശ്രവിവാഹവും മിശ്രഭോജനവും വഴി ജാതി നശീകരണം' ഇതായിരുന്നു സംഘ ത്തിന്റെ ലക്ഷ്യം. 1917 മെയ് 29-ന് അയ്യപ്പന്റെ നേതൃത്വത്തില്‍ ചെറായിയില്‍വെച്ച് മിശ്രഭോജനം നടന്നു. വീട്ടില്‍ വെച്ച് മിശ്രഭോജനം നടത്തുവാന്‍ ആദ്യം അനുകൂലിച്ച ജ്യേഷ്ഠന്‍ അച്യുതന്‍ വൈദ്യര്‍ സമുദായത്തിന്റെ എതിര്‍പ്പുഭയന്ന് അനുമതി നല്‍കിയില്ല. തുടര്‍ന്ന് മരുമകന്റെ സഹായത്തോടെ തുണ്ടിടപ്പറമ്പിലെ അദ്ദേഹത്തിന്റെ വീട്ടില്‍വെച്ച് മിശ്രഭോജനം നടത്തി.
എല്ലാവരും കൊട്ടി ഘോഷിച്ചതുപോലെ വന്‍ജനാവലിയൊന്നും മിശ്രഭോജനത്തിനു ണ്ടായിരു ന്നില്ല. പുലയരായി പത്തുവയസ്സുള്ള കണ്ണനും അവന്റെ അച്ഛന്‍ അയ്യരുമാണ് പങ്കെടുത്തത്. അയ്യപ്പന്‍ ഉള്‍പ്പെടെ ഈഴവരുടെ ഭാഗത്തുനിന്ന് മറ്റ് അഞ്ചുപേരും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. പുലയര്‍ കുഴച്ച ചോറ് മറ്റുള്ളവര്‍ രുചിച്ചുനോക്കുകയാണ് ചെയ്തത്. ഈ സംഭവം നാട്ടില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. അതോടെ അയ്യപ്പന്‍ സമുദായത്തില്‍ നിന്ന് പുറത്തായി. അതിഭീകരമായി അവമതിക്കപ്പെട്ടു. 'പുലച്ചോവന്‍', 'പുലയനയ്യപ്പന്‍' എന്നൊക്കെ വിളിച്ച് ആക്ഷേപിക്കപ്പെട്ടു. പുളിയുറുമ്പിന്റെ കൂട് ചൊരിഞ്ഞ് ശാരീരികമായും മറ്റും പീഡിപ്പിച്ചു. 'സഹോദരന്‍' പത്രം തുടങ്ങിയതോടെ ചീത്തപ്പേര് മാറി, പുലയനയ്യപ്പന്‍ 'സഹോദരന്‍ അയ്യപ്പന്‍'ആയി. 1917-ല്‍ (1093 കന്നിമാസം) ആണ് സഹോദരന്‍ പത്രം ആരംഭിച്ചത്. സഹോദരസംഘത്തിന്റെ പേരില്‍ 'മിതവാദി' പത്രത്തിലേക്ക് കെ അയ്യപ്പന്‍ അയച്ച ലേഖനം നിരസിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് സ്വന്തമായി പത്രമിറക്കുവാന്‍ തീരുമാനമെടുത്തത്. (വള്ളിക്കാവ് മോഹന്‍ദാസ്. കൃതി 'പത്രാധിപര്‍')
പറവൂര്‍ ആര്‍ വി ഇംഗ്ലീഷ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസവും അന്ന് ഹെഡ്മാസ്റ്ററായിരുന്ന എം രാമവര്‍മ തമ്പാന്റെ സ്വാധീനവുമാണ് കെ അയ്യപ്പനില്‍ ജാതിവിരുദ്ധചിന്ത അങ്കുരിപ്പിച്ചതെന്ന് പറയപ്പെടുന്നു. 1917-ല്‍ ചെറായിയില്‍വെച്ച് മിശ്രഭോജനം നടത്തിയതിലൂടെ അയ്യപ്പന്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. 'കവിതയും സാമൂഹ്യവിപ്ലവവും' എന്ന ഗ്രന്ഥത്തില്‍ ഡോ. കെ കെ ഇന്ദിര; 'താന്‍ ജീവിച്ചിരുന്ന സാമൂഹിക പരിതസ്ഥിതികളുടെ കഠോരത അയ്യപ്പന് ബോധ്യ പ്പെടാന്‍ തുടങ്ങിയത് പറവൂര്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്തായിരുന്നു'എന്ന് വ്യക്തമാ ക്കുന്നു.
ഇതോടൊപ്പം മറ്റൊരു സംഭവംകൂടി അയ്യപ്പനില്‍ സ്വാധീനം ചെലുത്തി. 'ഈഴവന് വഴിമാറിക്കൊ ടുക്കാഞ്ഞ് പട്ടിയെപ്പോലെ തല്ലുവാങ്ങിച്ചു കിടപ്പിലായ പുലയ സ്‌നേഹിതനെ കണ്ട് ഹൃദയം നടുങ്ങിനിന്ന നാളുകളില്‍ ജാതിസ്വത്വത്തിന്റെ ഭീകരത അയ്യപ്പന് ബോധ്യപ്പെടുകയായിരുന്നു' എന്നുകൂടി ഡോ. കെ കെ ഇന്ദിര രേഖപ്പെടുത്തിയിട്ടുണ്ട്.
രാമവര്‍മ തമ്പാന്റെ വീട്ടില്‍ അയ്യപ്പന് ഒരു കുടുംബാഗമെന്നപോലെ സ്ഥാനമുണ്ടായിരുന്നു. തമ്പാന്റെ ജാതിമറന്ന ജീവിതം മാതൃകയാക്കിയതും, അതോടൊപ്പം സ്വഗൃഹത്തിന്റെ പൂര്‍വചരിത്രവും അയ്യപ്പന് പ്രേരണയായിട്ടുണ്ടാകാമെന്ന് 'മിശ്രഭോജനഭൂമിയില്‍ നില്ക്കുമ്പോള്‍' എന്ന പുസ്തകത്തിന്റെ രചയിതാക്കളായ എം വി സുബ്രഹ്മണ്യനും അഡ്വ. എം ബി നാണുത്ത മ്പിയും അഭിപ്രായപ്പെടുന്നു.
വിപ്ലവകവികൂടിയാണ് സഹോദരന്‍ കെ അയ്യപ്പന്‍. അദ്ദേഹത്തിന്റെ കവിതകള്‍ പാരായണസുഖം പകര്‍ന്നുതരുന്ന പാഴ് വാക്കുകളല്ല, ഹിന്ദുമതത്തിലെ നെറികേടുകള്‍ തുരത്തു ന്നതിനുള്ള ആഹ്വാനങ്ങളായിരുന്നു. 'വിപ്ലവകാരികളില്‍ വിപ്ലവകാരിയായിരുന്ന സഹോദരന്‍ അയ്യപ്പന്റെ കൃതികളാണ് വിപ്ലവവായാടികളുടെ കൃതികളല്ല ദളിത് ജനത ഹൃദിസ്ഥ മാക്കേണ്ടതെന്ന്' കവിയൂര്‍ മുരളി 'ദലിത് സാഹിത്യം' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു.
'ജാതിപോക്കാന്‍ ശ്രമിക്കാതെ
ജാതീയത്തെപ്പഴിക്കുവോര്‍
തീകെടുത്താതെ ചൂടാറ്റും
പാഴുവേല പ്രചാരകര്‍'
ഈ വിമര്‍ശനം ശ്രീനാരായണഗുരുവിനേയും കുമാരനാശാനേയും മുന്നില്‍ കണ്ടുകൊണ്ടാ ണെന്നും കവിയൂര്‍ മുരളി സൂചിപ്പിക്കുന്നു. 1946-ല്‍ അയ്യപ്പന്‍ തിരു-കൊച്ചിയിലെ 'ഹരിജന്‍' മന്ത്രിയായിരിക്കെ കവിയൂര്‍ മുരളി അദ്ദേഹത്തെ ചെന്ന് കാണുകയും സംസാരിക്കുകയും ചെയ്തു. ദളിതരുടെ ഉന്നമനത്തില്‍ ഇത്രയേറെ നിഷ്ഠയുണ്ടായിരുന്ന മറ്റൊരു 'ഹരിജന്‍ മന്ത്രി'യെ ഇന്നുവരെ കേരളം കണ്ടിട്ടില്ലെന്നും കവിയൂര്‍ മുരളി അഭിപ്രായപ്പെടുന്നു.
പ്രൊഫ. എം കെ സാനുവിനെ ഉദ്ധരിച്ചുകൊണ്ട് രാജഗോപാല്‍ വാകത്താനം വ്യക്തമാക്കുന്നു; 'മിശ്രഭോജനം ചെയ്യുന്നതിന് നാം അനുവദിച്ചിട്ടില്ലെന്നും, ഈ മിശ്രഭോജനം പൊതുജനങ്ങള്‍ക്ക് പരക്കെ ക്ഷോഭത്തിനും കഷ്ടനഷ്ടങ്ങള്‍ക്കും ഗൃഹഛിദ്രത്തിനും കാരണമായിട്ടുണ്ടെന്നും നമുക്ക് അനുഭവപ്പെട്ടിരിക്കകൊണ്ട് മേലാല്‍ നമ്മുടെ അറിവും സമ്മതവും കൂടാതെ ആരും ഇങ്ങനെയുള്ള കാര്യങ്ങളില്‍ പ്രവേശിച്ചുപോകരുത്' എന്നാണ് ഗുരു പ്രതികരിച്ചത്. (നാരായണ ഗുരു നവോത്ഥാനനായകനോ?. പേജ് 104).
പിന്നീട് അയ്യപ്പന്‍ ആലുവയിലെത്തി ഗുരുവുമായി ദീര്‍ഘസംഭാഷണത്തിലേര്‍പ്പെട്ടു. ഒടുവില്‍ ഗുരു നിലപാട് മാറ്റുകയും അയ്യപ്പന് 'മഹാസന്ദേശം' നല്കുകയും ചെയ്തു. അത് ഇപ്രകാരമാണ്, 'മനുഷ്യരുടെ വേഷം ഭാഷ മുതലായവ എങ്ങിനെയിരുന്നാലും അവരുടെ ജാതി ഒന്നായതു കൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവു മില്ല. -നാരായണഗുരു'. ഇതാണ് സന്ദേശം.
'ദലിത് പഠനം: സ്വത്വം സംസ്‌കാരം സാഹിത്യം' എന്ന കൃതിയില്‍ ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് നിരീക്ഷിക്കുന്നു; 'ഗുരുസന്ദേശങ്ങളുടെ സാമൂഹ്യാര്‍ത്ഥം ആഴത്തില്‍ ഉള്‍ക്കൊള്ളുകയും അത് വികസിപ്പിക്കുകയും ചെയ്തത് അയ്യപ്പനാണ്. ഒരുജാതി, ഒരുമതം, ഒരു ദൈവം എന്ന സങ്കല്പത്തെ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് വികസിപ്പിക്കാന്‍ കഴിയുന്നത്ര ഹ്യൂമനിസ്റ്റായിരുന്നു അയ്യപ്പന്‍. തനിക്കുശേഷം ധര്‍മസ്ഥാപനങ്ങളുടെ ചുമതല ഏറ്റെടുക്കുമോ എന്ന് അയ്യപ്പനോട് ഗുരു ചോദിക്കുകയുണ്ടായി. (പേജ് 61).
മിശ്രഭോജനത്തോട് കര്‍ക്കശ നിലപാടെടുത്ത കുമാരനാശാനും പിന്നീട് തിരുത്തുന്നതായി കാണാം. പൂയപ്പിള്ളി തങ്കപ്പന്‍; 'അന്ന് എസ് എന്‍ ഡി പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാന്‍ 'വിവേകോദയ'ത്തില്‍ ഇങ്ങനെയെഴുതി: ആദര്‍ശക്കൊടുമുടിയില്‍ കയറിനിന്ന് പ്രവൃത്തിലോകത്തിലേക്ക് കിഴുക്കാംതൂക്കായി ചാടി ആത്മഹത്യചെയ്യരുതെന്ന് ചെറുപ്പക്കാരോട് ഞങ്ങള്‍ ഉപദേശിച്ചുകൊള്ളുന്നു. വിദ്യാഭ്യാസംചെയ്ത ചെറുപ്പക്കാരെ പുറത്താക്കിയിട്ട് എന്താണ് സാധിക്കാന്‍പോകുന്നതെന്ന് വിജ്ഞാനവര്‍ദ്ധിനി സഭക്കാരോടും ചോദിച്ചുകൊള്ളുന്നു' (സഹോദരന്‍ അയ്യപ്പന്‍: വിപ്ലവങ്ങളുടെ മാര്‍ഗദര്‍ശി. പേജ് 21).
സഹോദരന്‍ അയ്യപ്പനെ പ്രശംസിച്ചുകൊണ്ട്, 1098 മേടം 29, 30 തിയതികളില്‍ കൊല്ലത്തുവെച്ചു കൊണ്ടാടിയ എസ്എന്‍ഡിപി യോഗത്തിന്റെ 20-ാം വാര്‍ഷിക സമ്മേളനത്തില്‍ കുമാരനാശാന്‍ ചെയ്ത അധ്യക്ഷപ്രസംഗത്തില്‍; 'ഹിന്ദുമതത്തിന്റെ അപകര്‍ഷഹേതുവായ 'ജാതി'യോടു മല്ലിടുന്നത് യോഗത്തിന്റെ സാമാന്യകൃത്യങ്ങളില്‍ പ്രധാനമായ ഒന്നാണ്. ഇതിനെ പുരസ്‌കരിച്ചാണ് സഹോദരസംഘം പ്രവര്‍ത്തിക്കുന്നത്. നമ്മേക്കാള്‍ താണതോ ഉയര്‍ന്നതോ ആയി വിചാരിക്കപ്പെടുന്ന എല്ലാ ജാതിക്കാരോടും ആഹാരസാഹചര്യാദികളായ സകല സംഗതികളിലും സഹോദരഭാവേന വര്‍ത്തിക്കുക എന്നുള്ളതാണ് ഇതിന്റെ മുഖ്യ ഉദ്ദേശം. പുലയര്‍, പറയര്‍ മുതലായ വര്‍ഗക്കാരുമായി പന്തിഭോജനം ചെയ്കയും കൂടിക്കഴിക്കയും ചെയ്തു അവരുടെ അന്തഃകരണത്തേയും സിരാബന്ധങ്ങളേയും സങ്കോചിപ്പിക്കുന്ന അപകര്‍ഷബുദ്ധിയെ ഉച്ചാടിപ്പിച്ച് അവരുടെ ആത്മാവിനെ സഹായിക്കുകയാകുന്നു അതിന്റെ ധര്‍മരഹസ്യം. സ്വസമുദായത്തിലെ യാഥാസ്ഥിതികന്മാരുടെ കഠിനമായ അതൃപ്തിക്കും തജ്ജന്യമായ പല അനര്‍ത്ഥങ്ങള്‍ക്കും ഛിദ്രങ്ങള്‍ക്കും ഹേതുവായിത്തീര്‍ന്ന ഈ പ്രസ്ഥാനം ഇപ്പോള്‍ ദിവസംപ്രതി എന്നപോലെ ജനസമ്മതി ലഭിച്ചു ചാരിതാര്‍ത്ഥ്യമായിവരുന്നു എന്നു കാണുന്നതില്‍ ഞാന്‍ അത്യന്തം സന്തോഷിക്കുന്നു. ഈ ക്ലേശകരമായ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായ ശ്രീമാന്‍ കെ അയ്യപ്പന്‍ അവര്‍കളുടെ പേരുകേട്ടിട്ടില്ലാത്തവര്‍ കേരളത്തില്‍ അധികം പേരുണ്ടായിരിക്കയില്ല. (ജാതിശല്യം തകര്‍ക്കുവിന്‍-കുമാരനാശാന്റെ പ്രജാസഭാ പ്രസംഗങ്ങള്‍. സമ്പാദകന്‍: ജി പ്രിയദര്‍ശനന്‍)
ബുദ്ധമതത്തില്‍ ആകൃഷ്ടനായിരുന്നു അയ്യപ്പന്‍. അതുസംബന്ധിച്ച് ഒട്ടേറെ കവിതകള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. ഡോ. ബി ആര്‍ അംബേഡ്കറെപോലെ മരിക്കുന്നതിനു മുമ്പ് ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു. നാരായണ ഗുരുവുമായുള്ള സംഭാഷണമധ്യേ, ആയിടെ ഒരു ആധാരത്തില്‍ 'ബുദ്ധമതം' എന്ന് ചേര്‍ത്തുവെന്ന് അയ്യപ്പന്‍ വ്യക്തമാക്കുകയുണ്ടായി. (നമുക്ക് ജാതിയില്ല; ശ്രീനാരായണഗുരു -സതീഷ്‌കുമാര്‍ സി കെ. പേജ് 103)
'അംബേഡ്കറെന്ന തന്നാമചതുരക്ഷരി മന്ത്രമായ്-
ജപിക്കും നന്ദിതിങ്ങുന്ന ഹൃത്തെഴും ഭാവിഭാരതം'.
'സ്മരണമഞ്ജരി' എന്ന കൃതിയില്‍ കുറ്റിപ്പുഴ കൃഷ്ണപിള്ള ഇരുവരേയും താരതമ്യപ്പെടുത്തുന്നുണ്ട്. 'അവശസമുദായങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പരാധീനത നിശ്ശേഷം നീങ്ങിയെങ്കിലേ ശുദ്ധ ദേശീയഭാവം സാര്‍വത്രികമായി പുലരുകയുള്ളൂ എന്നത് ആര്‍ക്കും നിഷേധിക്കവയ്യാ. അധഃകൃതനേതാവായിരുന്ന ഡോ. അംബേഡ്കറും ഇത്തരം ആക്ഷേപങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്. ഒടുവില്‍ അദ്ദേഹത്തിന്റെ നിലപാട് ശരിയെന്ന് പലര്‍ക്കും ബോധ്യമായി. ഇതേ രീതിയിലായിരുന്നു സഹോദരന്റെ സാമുദായിക വീക്ഷണവും'. (പേജ് 90)
1932 ഫെബ്രുവരിയില്‍ വട്ടമേശസമ്മളനത്തിലെ ജാതിവിരുദ്ധ പോരാട്ടത്തെ പ്രശംസിച്ചുകൊണ്ട് അയ്യപ്പന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍നിന്നും ഈഴവയുവാക്കള്‍ കത്തെഴുതി എന്ന് പത്ര റിപ്പോര്‍ട്ടുകളിലുണ്ട്. ഗാന്ധി അപ്പോള്‍ യര്‍വാദ ജയിലില്‍ കമ്മ്യൂണല്‍ അവാര്‍ഡിനെതിരെ മരണംവരെയുള്ള നിരാഹാരം അനുഷ്ഠി ക്കുകയായിരുന്നു 'രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഡോ. അംബേഡ്കറുടെ ഓഫീസിലേക്ക് നിരവധി അനുമോദനസന്ദേശങ്ങള്‍ എത്തിയി രുന്നു. അവരിലൊന്ന് എറണാകുളത്തെ തീയ്യ യുവജനസമാജത്തില്‍ നിന്നുമായിരുന്നു. അധഃകൃതവര്‍ഗങ്ങളുടെയും നാട്ടുരാജ്യങ്ങളിലെ ജനങ്ങളുടെയും അവകാശങ്ങള്‍ക്കും സ്വാതന്ത്യങ്ങള്‍ക്കും വേണ്ടി വട്ടമേശസമ്മേളനത്തില്‍ നടത്തിയ ധീരമായ പോരാട്ടത്തിന് അവരുടെ മഹാനായ നേതാവിനെ കൃതജ്ഞതാപൂര്‍വം അനുമോദിക്കുന്നതായിരുന്നു പ്രസ്തുത സന്ദേശം'. എന്നാണ് ഇതേക്കുറിച്ചുള്ള പത്രറിപ്പോര്‍ട്ട്. (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 35. പേജ് 59)
1968 മാര്‍ച്ച് 6-ന് ആ മഹാ വിപ്ലവകാരി സഹോദരന്‍ അയ്യപ്പന്‍ വിടവാങ്ങി.
ഇ കെ അയ്യാക്കുട്ടി മുന്‍സിഫിന്റെ മകള്‍ പാര്‍വതിയാണ് സഹോദരന്‍ അയ്യപ്പന്റെ ജീവിതപങ്കാളി. ഇവര്‍ക്ക് സുഗതന്‍ എന്ന മകനും ഐഷ എന്ന മകളും പിറന്നു.
